ശബരിമല റോപ്പ് വേയ്ക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അംഗീകാരം; പദ്ധതി കേന്ദ്ര അനുമതിക്കായി സമർപ്പിക്കും
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്കായി പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇനി ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരമാണ് ആവശ്യമായിരിക്കുന്നത്. വനംവകുപ്പിന്റെ മുൻകൂർ ക്ലിയറൻസിനെ തുടർന്നാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോഴത്തെ അനുമതി നൽകിയത്. പദ്ധതിക്ക് ആവശ്യമായ 4.5336 ഹെക്ടർ വനഭൂമിക്ക് പകരമായി റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം വരെ 2.7 കിലോമീറ്റർ ദൂരത്തിൽ ശരണപാതയുടെ പരമാവധി സമീപത്തായാണ് റോപ്പ് വേ നിർമിക്കുക. തീർത്ഥാടനം ലക്ഷ്യമിട്ടതോടൊപ്പം അവശ്യസാധനങ്ങളും അത്യാഹിതത്തിൽ പെടുന്നവരെയും എത്തിക്കാൻ റോപ്പ് വേ ഉപയോഗിക്കും. 40,000 മുതൽ 60,000 ടൺ വരെ സാധനങ്ങൾ വർഷം റോപ്പ് വേ വഴി എത്തിക്കാൻ കഴിയും. അത്യാഹിതാവസ്ഥയിൽ കാർ ആംബുലൻസും ഉപയോഗിക്കാൻ സൗകര്യമുണ്ടാകും. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 180 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.